
എല്ലാറ്റിനെയും നവീകരിക്കുന്നവനും വിശുദ്ധീകരിക്കുന്നവനുമായ പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അവിടുന്ന് ഞങ്ങളിൽ നിറഞ്ഞുനിൽക്കുകയും അവിടുത്തെ സ്നേഹത്തിൻറെ കതിരുക ഞങ്ങളിൽ പരത്തുകയും ചെയ്യേണമേ.
നിത്യവും ഞങ്ങളിൽ വസിക്കുന്നവനായ പരിശുദ്ധാത്മാവേ, അനുതാപത്തിൻെറ അരൂപി ഞങ്ങൾക്ക് തരണമേ. പാപത്തിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും ഞങ്ങളെ അകറ്റണമേ.
എല്ലാ വിജ്ഞാനത്തിൻെറയും, അറിവിൻെറയും ഉറവിടമായ പരിശുദ്ധാത്മാവേ, യേശുവിൻെറ പഠനങ്ങളാൽ ഞങ്ങളെ പ്രബുദ്ധരാക്കമേ. വിശ്വാസത്തിൽ ഉറപ്പിക്കുകയും പ്രത്യാശയിൽ നടത്തുകയും ചെയ്യണമേ.
വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനും ദുഃഖിതരെ ആനന്ദിപ്പക്കുന്നവനുമായ പരിശുദ്ധാത്മാവേ, അവിടുത്തെ സമാശ്വാസത്തിൻെറ ശീതളച്ഛായയിൽ ഞങ്ങളെ നിർത്തണമേ. സ്നേഹത്തിലും വിശുദ്ധിയിലും ഞങ്ങളെ വളർത്തണമേ.
അഗതകളുടെ ആശ്രയവും വരങ്ങളുടെ ദാതാവുമായ പരിശുദ്ധാത്മാവേ, അവിടുത്തെ അനുഗ്രഹത്തിൻെറ സമൃദ്ധിയാൽ ഞങ്ങളുടെ ദാരിദ്ര്യം അകറ്റണമേ. മനസ്സിൻറെ ശൂന്യത മാറ്റി ഹൃദയം ഉജ്വലിപ്പിക്കണമേ.
ഞങ്ങളുടെ മദ്ധൃസ്ഥനും മാർഗവുമായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ വഴികൾ അങ്ങ് നേരെയാക്കുകയും വഴിതെറ്റിപ്പോയവരെ നേർവഴിക്ക് നയിക്കുകയും ചെയ്യേണമേ. സത്യത്തിലും നീതിയിലും ഞങ്ങളെ നടത്തണമേ.
ഐക്യത്തിൻെറ നിദാനമായ പരിശുദ്ധാത്മാവേ, അകന്നുപോയവരെ അടുപ്പിക്കുകയും ഭിന്നതകൾ അകറ്റുകയും ചെയ്യണമേ. ഞങ്ങളുടെ നെടുവീർപ്പുകളിലും വിലാപങ്ങളിലും ഞങ്ങളെ ആശ്വസിപ്പിക്കേണമേ.
ഞങ്ങളുടെ സമ്മേളനങ്ങളെ അങ്ങു നയിക്കുകയും ഉദ്യമങ്ങളെ വിജയിപ്പിക്കുകയും ചെയ്യേണമേ ആമേൻ.